08:43pm 06 September 2026
NEWS
സിപിഐയുടെ പോസ്റ്ററിലും ഭാരതാംബ
10/06/2025  09:41 AM IST
nila
സിപിഐയുടെ പോസ്റ്ററിലും ഭാരതാംബ

സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പോസ്റ്ററിൽ ഭാരതാംബയുടെ ചിത്രം. ദേശീയ പതാകയേന്തിയ ഭാരതാംബയേയാണ് സിപിഐയുടെ പോസ്റ്ററിൽ ചിത്രീകരിച്ചത്. സംഭവം വിവാദമാകുമെന്ന് കണ്ടതോടെ പാർട്ടി ജില്ലാ നേതൃത്വം ഇടപെട്ട് പോസ്റ്റർ പിൻവലിക്കുകയായിരുന്നു. ജൂൺ 13,14,15 തീയതികളിൽ കോട്ടയത്തിനു സമീപം പാക്കിലിൽ നടക്കുന്ന സിപിഐ കോട്ടയം മണ്ഡലം സമ്മേളനത്തിന്റെ പ്രചാരണത്തിനായി സമൂഹ മാധ്യമങ്ങളിലാണ് ഭാരതാംബ ഉൾപ്പെടുന്ന പോസ്റ്റർ പ്രചരിപ്പിച്ചത്. 

ദേശീയപതാകയിലെ നിറങ്ങൾ ആലേഖനം ചെയ്ത സാരി ധരിച്ച ഭാരതാംബ ദേശീയ പതാകയും കയ്യിലേന്തിയിരുന്നു. എന്നാൽ, പാർട്ടി ചിഹ്നങ്ങളോടോ പരിപാടികളോടോ ദേശീയപതാക കൂട്ടിച്ചേർക്കുന്നതു ശരിയല്ലെന്ന് സിപിഐ ജില്ലാ സെക്രട്ടറി വി ബി ബിനു വ്യക്തമാക്കി. പോസ്റ്ററിനെപ്പറ്റി വിവരം കിട്ടിയ ഉടൻ സമൂഹമാധ്യമങ്ങളിൽ നിന്നുൾപ്പെടെ അതു പിൻവലിക്കാൻ അദ്ദേഹം നിർദേശം നൽകുകയായിരുന്നു.

രാജ്ഭവനിൽ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വിവാദമായിരിക്കെയാണ് സിപിഐയുടെ പോസ്റ്ററിലും ഭാരതാംബ പ്രത്യക്ഷപ്പെട്ടത്.  കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തണമെന്നാവശ്യപ്പെട്ടതു കൊണ്ടാണു രാജ്ഭവനിൽ നടന്ന പരിസ്ഥിതിദിനാചരണ പരിപാടി സിപിഐ നേതാവ് കൂടിയായ മന്ത്രി പി.പ്രസാദ് ബഹിഷ്കരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img